ആരോഗ്യമന്ത്രിക്കെതിരേ വിമർശനവുമായി നേതാക്കളും അണികളും; നടപടിക്കൊരുങ്ങി സിപിഎം
Friday, July 4, 2025 10:58 AM IST
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാജോര്‍ജിനെതിരേ നിശിതമായ വിമര്‍ശന കുറിപ്പുകളുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സ്വന്തം മണ്ഡലത്തിലെ സിപിഎം പ്രാദേശിക നേതാക്കളും അണികളും. നേതാക്കളുടെ പോസ്റ്റുകളെ പിന്തുണച്ച് നിരവധി പേരാണു രംഗത്തെത്തിയത്.
കഴിഞ്ഞയാഴ്ച സസ്പെന്‍ഷനിലായ സിഡബ്ല്യുസി ജില്ലാ ചെയര്മാന് എന്‍. രാജീവാണ് ഇന്നലെ രാത്രി പരിഹാസക്കുറിപ്പുമായി ആദ്യം രംഗത്തെത്തിയത്. സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയംഗം കൂടിയാണ് എന്‍. രാജീവ്.
"കുട്ടിയായിരിക്കെ താന്‍ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന കളവു പറഞ്ഞ് വീട്ടില്‍ ഇരിക്കുമായിരുന്നു. അങ്ങനെ താന്‍ പരീക്ഷകളില്‍ നിന്നു രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളില്‍ നിന്നും'- മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയാണ് രാജീവ് പരിഹസിക്കുന്നത്.
ഒരാഴ്ച മുമ്പ് രാജീവനെ സിഡബ്ല്യുസി ചെയര്മാന് സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തതിനു പിന്നില്‍ ഭരണതലത്തിലെ ചില സമ്മര്‍ദങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സത്യം ചെരുപ്പ് ഇട്ട് വരുമ്പോഴേക്കും കള്ളം നാട് ചുറ്റി കഴിഞ്ഞിരിക്കും എന്ന ഒരു പോസ്റ്റ് അന്ന് അദ്ദേഹം എഫ്ബിയില്‍ ഇട്ടതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
മന്ത്രി അല്ല, ഒരു എംഎല്‍എ പോലും ആകാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം പി.ജെ. ജോണ്‍സന്റെ പോസ്റ്റ്. എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്സണ്.
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടംതകര്‍ന്ന് സ്ത്രീ മരിക്കാനിടയായ സംഭവത്തിനുശേഷം മന്ത്രിക്കെതിരേ നവമാധ്യമങ്ങളിലൂടെ സിപിഎം അണികളും നേതാക്കളും രംഗത്തെത്തിയതു പാര്‍ട്ടിക്കും തലവേദനയായിട്ടുണ്ട്. അതേസമയം, വിമർശനങ്ങളിൽ നടപടിക്കൊരുങ്ങുകയാണ് സിപിഎം. പോസ്റ്റുകളെ സംബന്ധിച്ച് അന്വേഷിക്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അറിയിച്ചു.