ചെങ്ങന്നൂരിൽ വീട്ടുമുറ്റത്തെ കാറിന് തീയിട്ട് അജ്ഞാതൻ; വീട്ടുപകരണങ്ങളും കത്തിനശിച്ചു
Friday, July 4, 2025 11:38 AM IST
ചെങ്ങന്നൂർ: ആലപ്പുഴ ചെങ്ങന്നൂരിൽ കാറിനു തീയിട്ട് അജ്ഞാതൻ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുപിന്നിൽ കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനാണ് വ്യാഴാഴ്ച രാത്രി 12:30 ഓടെ തീയിട്ടത്. കാർ പൂർണമായും കത്തിനശിച്ചു.
സ്ഫോടനശബ്ദം കേട്ട് വീട്ടുകാർ ഉണരുമ്പോൾ കാർ പൂർണമായി കത്തി ജനലിലൂടെ തീ വീടിനുള്ളിലേക്കു പടർന്നിരുന്നു. കട്ടിൽ, മെത്ത, ദിവാൻകോട്ട് തുടങ്ങിയ വീട്ടുപകരണങ്ങളും കത്തിനശിച്ചു. ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടെ ഉടമസ്ഥതയിലുള്ളതാണു കത്തിനശിച്ച കാർ. സംഭവസമയത്ത് രാജമ്മയെ കൂടാതെ ലേഖ, നാല് വയസുകാരി അർഷിത, മിഥുൻ മോഹൻ, നിഥിൻ മോഹൻ എന്നിവരും വീട്ടിലുണ്ടായിരുന്നു. വിവരമറിഞ്ഞ് കൗൺസിലർ സിനി ബിജുവും സംഭവസ്ഥലത്തെത്തി.