മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻതന്നെ; എക്സിൽ സർവേ ഫലം പങ്കുവച്ച് തരൂർ
Wednesday, July 9, 2025 4:28 PM IST
തിരുവനന്തപുരം: യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ താനാണെന്ന സർവേ ഫലം പങ്കുവച്ച് ശശി തരൂർ. സ്വകാര്യ സർവേ ഫലം സംബന്ധിച്ച് എക്സിൽ പങ്കുവയ്ക്കപ്പെട്ട ഒരു വാർത്ത തരൂർ ഷെയർ ചെയ്യുകയായിരുന്നു.
28.3 ശതമാനം പേർ തരൂർ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടതായാണ് സർവേ ഫലം. കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസി വഴിയാണ് സർവേ നടത്തിയിരിക്കുന്നത്. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധതരംഗമുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്.
സിറ്റിംഗ് എംഎൽഎമാരെ മാറ്റണമെന്നാണ് പങ്കെടുത്ത 62 ശതമാനം പേരും ആഗ്രഹിക്കുന്നതെന്നാണ് സർവേഫലം പറയുന്നത്. 23 ശതമാനം പേർ മാത്രമാണ് നിലവിലുള്ള എംഎൽഎമാർ തുടരണമെന്ന് ആഗ്രഹിക്കുന്നത്. ഇത് ശക്തമായ ഭരണവിരുദ്ധവികാരത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്ത് എത്തണമെന്ന് 17.5 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജയ്ക്കാണ് എൽഡിഎഫിൽ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ഏറെ പിന്തുണ. 24.2 ശതമാനം പേരാണ് കെ.കെ. ഷൈലജ മുഖ്യമന്ത്രിയാകണമെന്ന് സർവേയിൽ അഭിപ്രായപ്പെട്ടത്. ഇരുഭാഗത്തും നേതൃത്വത്തിന്റെ ശക്തമായ അഭാവമുണ്ടെന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.