ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി വാങ്ങി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പിടിയിൽ
Wednesday, April 30, 2025 8:00 PM IST
തൃശൂർ: ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പിടിയിൽ. തൃശൂരിലെ എംവിഐമാരായ കൃഷ്ണകുമാർ, അനീഷ് എന്നിവരാണ് പിടിയിലായത്. വിജിലൻസാണ് ഇരുവരേയും തെളിവ് സഹിതം പിടികൂടിയത്.
എംവിഡി ഉദ്യോഗസ്ഥരിൽ നിന്ന് മൊത്തം 75,000 രൂപ പിടികൂടിയതായി വിജിലൻസ് അറിയിച്ചു. ഡ്രൈവിംഗ് സ്കൂൾ ഉടമയായ ഹരിദാസിന്റെ പക്കൽ നിന്ന് ലഭിച്ച കൈക്കൂലി പണമാണിതെന്നും കണ്ടെത്തിയതായി വിജിലൻസ് വ്യക്തമാക്കി.
ഡ്രൈവിംഗ് ടെസ്റ്റിന് ആളൊന്നിന് 650 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. വിജിലൻസ് ഡിവൈഎസ്പി ജിം പോളും സംഘവുമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിന് സമീപത്ത് നിന്നായി ഇവരെ പിടികൂടിയത്.