പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; ചികിത്സാപ്പിഴവില്ലെന്ന് അധികൃതർ
Sunday, May 4, 2025 4:19 PM IST
കോഴിക്കോട്: പെരുവള്ളൂരിൽ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവം കാറ്റഗറി-3 യിൽ വരുന്ന കേസ് ആണെന്നും മുറിവ് തുന്നാൻ പാടില്ല എന്നാണ് ഗൈഡ്ലൈനെന്നും ആശുപത്രി അധികൃതർ. ചികിത്സയിൽ ഒരു വീഴ്ചയും വന്നിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മാർച്ച് 29 നാണ് കുട്ടിയ്ക്ക് നായയുടെ കടിയേൽക്കുന്നത്. ചോരയിൽ കുളിച്ച നിലയിലായിരുന്നു കുട്ടി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഡോക്ടർ ഇല്ലെന്നാണ് പറഞ്ഞത്.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. ചികിത്സ നൽകിയ ശേഷം 48 മണിക്കൂർ കഴിഞ്ഞു വരാനാണ് പറഞ്ഞത്. പിന്നീട് പനി ബാധിച്ചപ്പോൾ കുട്ടിക്ക് ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലായി എന്നും മരിച്ച കുട്ടിയുടെ പിതാവ് സൽമാനുൽ ഫാരിസ് മാധ്യമങ്ങളോട് പറഞ്ഞു.