ശ്രീചിത്രയിൽ ചികിത്സ മുടങ്ങി; അടിയന്തര യോഗം വിളിച്ചു
Sunday, June 8, 2025 8:55 PM IST
തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിൽ അടിയന്തര യോഗം വിളിച്ച് ഡയറക്ടർ.
വിവിധ വകുപ്പ് മേധാവികളുമായി തിങ്കളാഴ്ച രാവിലെ ചർച്ച നടത്തും. ഉപകരണങ്ങൾ ലഭ്യമാകാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവച്ചതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടത്താനിരുന്ന 10 ശസ്ത്രക്രിയകളും മാറ്റിവച്ചു.
ശാസ്ത്രക്രിയ മാറ്റിവച്ച രോഗികളിൽ ചിലർ സ്വകാര്യ സ്ഥാപനങ്ങളിൽ ചികിത്സ തേടി. ശസ്ത്രക്രിയാ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ടു വർഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല. താത്കാലികമായി കരാർ നീട്ടുകയായിരുന്നു.
പഴയ വിലയിൽ തന്നെയായിരുന്നു ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതോടെ കരാറുകാർ ഉപകരണങ്ങൾ എത്തിക്കാതെയായതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്.
ഇന്നു മുതൽ ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് കാണിച്ച് വ്യാഴാഴ്ച ഡോക്ടർമാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കത്തു നൽകിയിരുന്നു. നേരത്തെയും കത്തുകൾ നൽകിയിരുന്നുവെന്നാണ് വിവരം. ഇതുവരെ കരാറുകൾ പുതുക്കാനുള്ള ഒരു നടപടിയുമെടുത്തിട്ടില്ല. കേന്ദ്ര പദ്ധതിയായ അമൃതിൽ ചേർന്ന് ഉപകരണങ്ങൾ എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടില്ല.