ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; കുടുങ്ങിക്കിടന്ന പത്തുപേരെ രക്ഷപ്പെടുത്തി
Monday, June 9, 2025 1:30 AM IST
കരുവാരകുണ്ട്: മലവെള്ളപ്പാച്ചിലിനെ തുടർന്ന് കുടുങ്ങിക്കിടന്ന പത്തുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. വനമേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് ഒലിപ്പുഴയിലെ മഞ്ഞളാം ചോലയിൽ കുടുങ്ങിക്കിടന്നവരെയാണ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തിയത്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തിയവരാണു കുടുങ്ങിയത്. ഞായർ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രദേശത്ത് ശക്തമായ മഴ തുടങ്ങിയത്. രാത്രി ഒമ്പതിനു ശേഷവും മഴ തുടർന്നതോടെ മഞ്ഞളാം ചോലയിൽ ജല നിരപ്പ് ഉയർന്നു.
തുടർന്ന് മറുകര കടക്കാൻ കഴിയാതെ വന്നതോടെ വിനോദ സഞ്ചാരികൾ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് അഗ്നിശമനസേനയെത്തി എല്ലാവരെയും സുരക്ഷിതമായി മറുകരയിലെത്തിക്കുകയായിരുന്നു.