സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി
Wednesday, July 9, 2025 1:01 PM IST
കൊച്ചി: കേരള എൻജിനിയറിംഗ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ പരീക്ഷാ ഫലം റദ്ദാക്കി ഹൈക്കോടതി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് നിർദേശിച്ചാണ് ഹൈക്കോടതി ഉത്തരവ്.
കേരള സിലബസ് വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടി കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്നും ജസ്റ്റീസ് ഡി.കെ. സിംഗ് ചൂണ്ടിക്കാട്ടി.
മുൻ സമവാക്യം അനുസരിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളേക്കാൾ മാർക്ക് കുറയുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ സമവാക്യം കൊണ്ടുവന്നത്.
എന്നാൽ മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥിനി ഹന ഫാത്തിമ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, നടപടിയിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് സര്ക്കാര് അറിയിച്ചു.