നാഷണൽ ഹെറാൾഡ് കേസ്: ഡി. കെ. ശിവകുമാർ ഹാജരായി
Friday, October 7, 2022 12:41 PM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) മുന്പിൽ ഹാജരായി.
രാവിലെ പത്തിന് അബ്ദുൾ കലാം റോഡിലെ ഇഡി ഓഫീസിലെത്തിയ ശിവകുമാർ താൻ നിയമം പാലിച്ച് ജിവിക്കുന്ന ഒരു പൗരനാണെന്നും ഇഡി സമൻസ് അയച്ചത് എന്തിനാണെന്ന് വ്യക്തമല്ലെന്നും പ്രതികരിച്ചു.
കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ യംഗ് ഇന്ത്യൻ കന്പനിക്ക് ഡി.കെ. ശിവകുമാറും സഹോദരനും എംപിയുമായ ഡി.കെ സുരേഷും വൻ സംഭാവനകൾ നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെയും ഇഡി നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്തിരുന്നു. സെപ്റ്റംബർ 19-ന് അനധികൃത സ്വത്ത് സന്പാദനക്കേസിൽ ശിവകുമാർ ഇഡിക്ക് മുന്പിൽ ഹാജരായിരുന്നു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡാ യാത്രയുടെ കർണാടക പര്യടനം ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം ഹാജരാകാനുള്ള അനുമതി ഡി.കെ. തേടിയിരുന്നെങ്കിലും അധികൃതർ വഴങ്ങിയിരുന്നില്ല.