സ്പിന്നർമാർ കറക്കിവീഴ്ത്തി; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
Sunday, August 4, 2024 10:51 PM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. സ്കോർ: ശ്രീലങ്ക 240/9 ഇന്ത്യ 208/10(42.2). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സ്നേടി.
മറുപടി ബാറ്റിംഗിൽ ഇന്ത്യ 208 റൺസിന് എല്ലാവരും പുറത്തായി. സ്വപ്നതുല്യമായ തുടക്കമാണ് ഇന്ത്യയ്ക്കു ലഭിച്ചത്. ഒന്നാം വിക്കറ്റിൽ രോഹിത് ശർമ, ശുഭ്മാന്‍ ഗില്‍ സഖ്യം 97 റണ്‍സ് അടിച്ചെടുത്തു. പിന്നീട് 111 റൺസിനിടെ 10 വിക്കറ്റും നഷ്ടമാക്കിയാണ് ഇന്ത്യ തോൽവിയിലേക്കു വീണത്.
ഇതോടെ 32 റണ്‍സിന്റെ തകർപ്പൻ ജയം ലങ്ക സ്വന്തം പേരിലാക്കി. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ (64), അക്സര്‍ പട്ടേല്‍ (44), ശുഭ്മൻ ഗിൽ (35) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
10 ഓവറില്‍ 33 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ജെഫ്രി വാന്‍ഡെര്‍സെയും 20 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ചരിത് അസലങ്കയുമാണ് പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിരയെ സ്പിൻ കെണിയിൽ കുടുക്കിയത്.
അവിഷ്ക ഫെര്‍ണാണ്ടോ (40), കമിന്ദു മെന്‍ഡിസ് (40), ദുനിത് വെല്ലാലഗെ (39) എന്നിവരുടെ ഇന്നിംഗ്സാണ് ശ്രീലങ്കയ്ക്കു പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ആറ് ഇന്ത്യൻ വിക്കറ്റുകൾ പിഴുത ജെഫ്രി വാൻഡർസിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരന്പരയിൽ ശ്രീലങ്ക 1-0 മുന്നിലെത്തി. ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.