കല്‍പറ്റ: വയനാട്ടിലെ മേപ്പാടി ചൂരല്‍മല റാട്ടപ്പാടി പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഡോണ്‍ ഗ്രേഷ്യസ് (16) മറ്റുള്ളവരിലൂടെ ഇനിയും ജീവിക്കും. മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സലിരിക്കെ തിങ്കളാഴ്ച രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഡോണിന്‍റെ അവയവങ്ങള്‍ മാതാപിതാക്കള്‍ ദാനം ചെയ്തു.

ഡോണിന്‍റെ വൃക്കകള്‍ സംസ്ഥാന മൃതസഞ്ജീവനീ വിഭാഗം ഏറ്റുവാങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള രോഗിക്ക് ഉപയോഗപ്പെടുത്തുന്നതിനു വൃക്കകള്‍ ഇന്നു രാവിലെ ആറോടെ കൊണ്ടുപോയി.

തൃശൂര്‍ ഇരിങ്ങാലക്കുട തുറവംകുന്ന് ചുങ്കത്ത് ജോസ്-സോഫി ദമ്പതികളുടെ മകനാണ് ഡോൺ. കഴിഞ്ഞ 30ന് തുറവംകുന്നില്‍നിന്നു വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ അംഗമാണ്.

31ന് ഉച്ചയ്ക്ക് പുഴയില്‍ കുളിക്കുന്നതിനിടെ കാല്‍ വഴുതിയാണ് ഡോണ്‍ അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തകര്‍ കരകയറ്റി ഡോ.മൂപ്പന്‍സ് ആശുപത്രിയില്‍ എത്തിച്ച ഡോണിന്‍റെ മസ്തിഷ്ക മരണം വെന്‍റിലേറ്ററില്‍ പരിചരണത്തിലിരിക്കെയാണ് സ്ഥിരീകരിച്ചത്.

ഡോണിന്‍റെ അവയവങ്ങൾ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. വൃക്കകള്‍ക്കുപുറമേ ഹൃദയം, കരള്‍ എന്നിവയും ദാനം ചെയ്തു. ഹൃദയവും കരളും കോഴിക്കോട് ആസ്റ്റര്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.