റാമോസിന് ഹാട്രിക്ക്; സ്വിറ്റ്സർലൻഡിനെ ഗോള്‍ മഴയിൽ മുക്കി പോര്‍ച്ചുഗൽ
Wednesday, December 7, 2022 9:19 AM IST
ദോഹ: യുവതാരം ഗോണ്‍സാലോ റാമോസിന്റെ ഹാട്രിക്ക് മികവിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് പോര്‍ച്ചുഗൽ ക്വാർട്ടറിൽ. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ പ്രീക്വാര്‍ട്ടര്‍ വിജയം.
പറങ്കിപ്പടയുടെ സര്‍വാധിപത്യമാണ് മത്സരത്തിലുടെനീളം കണ്ടത്. 17-ാം മിനിറ്റിൽ ആദ്യ ഗോള്‍ നേടിയ റാമോസും പോര്‍ച്ചുഗലും പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് സ്വന്തം പേരിൽ കുറിച്ച റാമോസിന് പുറമെ പെപ്പെ, റാഫേല്‍ ഗുരെയിരോ, റാഫേൽ ലിയോ എന്നിവരും പറങ്കിപ്പടയ്ക്കായി വലകുലുക്കി.
58-ാം മിനിറ്റിൽ മാനുവൽ അകാൻജി സ്വിറ്റ്സർലൻഡിനായി ആശ്വാസ ഗോൾ നേടി. നേരത്തെ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഇടംപിടിച്ചിരുന്നില്ല. 73-ാം മിനിറ്റിൽ ജാവോ ഫെലിക്സിന് പകരമാണ് റൊണാൾഡോ കളത്തിൽ ഇറങ്ങിയത്.