ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ ഹര്‍ജി; ഹൈക്കോടതി വിധി ഇന്ന്
Tuesday, August 13, 2024 9:04 AM IST
കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ജസ്റ്റീസ് വി.ജി. അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടിനാണ് വിധി പറയുക. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജിയിലാണ് വിധി.
വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സര്‍ക്കാര്‍ കൈമാറാനിരിക്കെയായിരുന്നു കോടതി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്തത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തനിക്ക് വ്യക്തിപരമായും സിനിമ മേഖലയിലെ പലരുടെയും സ്വകാര്യതയെ ബാധിക്കുമെന്നാരോപിച്ചാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.
പേര്,വിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്ന വിശ്വാസത്തിലാണ് പലരും മൊഴി നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷന് ഉറപ്പ് നല്കിയതിന്റെയും ലംഘനമാണെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ തെരഞ്ഞെടുത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഭാഗികമായ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവരുന്നതെന്നും സ്വകാര്യവിവരങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
ഹര്‍ജിക്കാരന്റെ വാദങ്ങളെ വിവരാവകാശ കമ്മീഷനും കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടതെന്ന് വിവരാവകാശ കമ്മീഷന് ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.
റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് പുറത്തുവിടുന്നത്. സജിമോന്‍ കമ്മിറ്റി നടപടികളുടെ ഭാഗമായിരുന്നില്ലെന്നും മറ്റാര്‍ക്കോ വേണ്ടി സംസാരിക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ജിയെന്നുമായിരുന്നു വിവരാവകാശ കമ്മീഷന്റെ വാദം.
കേസില്‍ കക്ഷി ചേര്‍ന്ന ഡബ്ല്യൂസിസിയും റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷനും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.