പാസ്വേര്ഡ് പങ്കിടലിന് പൂട്ടിടാന്‍ ഹോട്ട്സ്റ്റാറും; പുത്തന്‍ നയം ഉടന്‍ നടപ്പാക്കും
വെബ് ഡെസ്ക്
Saturday, September 30, 2023 7:44 AM IST
മുംബൈ: നെറ്റ്ഫ്ളിക്സിന് പിന്നാലെ പാസ്വേഡ് പങ്കിടലിന് (ഷെയറിംഗ്) തടയിടാന്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. നവംബര്‍ ഒന്ന് മുതല്‍ അക്കൗണ്ട് ഷെയറിംഗുമായി ബന്ധപ്പെട്ടുള്ള പുതിയ നയം കമ്പനി നടപ്പാക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കനേഡിയന്‍ ഉപഭോക്താക്കളുടെ കരാറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഇമെയില്‍ സന്ദേശം അയച്ചിരുന്നു.
പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ നയം ഉടന്‍ നടപ്പാക്കുമെന്നും ഇമെയില്‍ അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇത് വ്യക്തമാക്കുന്ന അപ്ഡേറ്റ് ഡിസ്നിയുടെ ഹെല്‍പ്പ് സെന്ററും അറിയിപ്പിറക്കിയിട്ടുണ്ട്.
ഏതൊക്കെ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ പാസ്വേര്ഡ് പങ്കിടുന്നതെന്ന് കൃത്യമായി നിരീക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു വീട്ടിലുള്ളവര്‍ക്ക് ഒരു അക്കൗണ്ട് എന്ന നയം നെറ്റ്ഫ്ളിക്സ് അടുത്തിടെ ഇറക്കിയിരുന്നു.
അക്കൗണ്ട് പങ്കിടുന്നത് തങ്ങളുടെ വരുമാനത്തേയും നിക്ഷേപത്തേയും സാരമായി ബാധിക്കുന്നുണ്ടെന്ന് നെറ്റ്ഫ്ളിക്സ് അധികൃതര്‍ അറിയിച്ചിരുന്നു. നൂറിലേറെ രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.