ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോവ
Friday, January 27, 2023 7:02 AM IST
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ 4 -2 എന്ന സ്കോറിന് പരാജയപ്പെടുത്തി ഗോവ. തുടർച്ചയായ രണ്ടാം ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് 26 പോയിന്റുമായി ഗോവ ലീഗ് പട്ടികയിലെ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
മത്സരം തുടങ്ങി 23 മിനിറ്റിനുള്ളിൽ ഐക്കർ ഗ്വാരചേന നേടിയ ഹാട്രിക്കിലൂടെ ഗോവ മത്സരത്തിൽ അധിപത്യം സ്ഥാപിച്ചു. 11, 21, 23 മിനിറ്റുകളിലാണ് ഗ്വാരചേന സ്കോർ ചെയ്തത്.
ഏകപക്ഷീയമായ രീതിയിൽ തീരുമെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ 53-ാം മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസ് ഗോവയ്ക്കായി നാലാം ഗോൾ നേടി. 59-ാം മിനിറ്റിൽ മലയാളി താരം വി.പി. സുഹൈറും 66-ാം മിനിറ്റിൽ സാർഥക് ഗുലോയ്യും ഗോൾ മടക്കിയെങ്കിലും ഇബിക്ക് വിജയത്തിലെത്താനായില്ല.
തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ട ഇബി 12 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് തുടരുന്നു.