ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
Saturday, December 2, 2023 8:52 AM IST
കൊല്ലം: ഓയൂരില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി പത്മകുമാര്‍ ഇയാളുടെ ഭാര്യ, മകള്‍ എന്നിവരാണ് അറസ്റ്റിലായത്. പൂയപ്പള്ളി പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തമിഴ്നാട് അതിര്‍ത്തിയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍നിന്ന് ഇവര്‍ പോലീസിന്റെ പിടിയിലായിരുന്നു.
തുടര്‍ന്ന് പ്രതികളെ അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന് ക്യാമ്പില്‍ എത്തിച്ചു ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നുവരെ നീണ്ടു.
പത്മകുമാറിന്റെ ഭാര്യയും മകളും കുറ്റ സമ്മതം നടത്തിയതായാണ് വിവരം. ഒരുമിച്ചിരിത്തിയും അല്ലാതെയും നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. അതേ സമയം പത്മകുമാറിന്റെ മൊഴികളിലെ വൈരുധ്യം പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
ക്യാമ്പില്‍ നിന്നും ഇവരെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാറ്റും. പിന്നീട് വൈദ്യപരിശോധന നടത്തും. ശേഷം കൊട്ടരക്കര കോടതിയില്‍ ഹാജരാക്കും.
തെളിവെടുപ്പ് ഇന്ന് ഉണ്ടായേക്കില്ല. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷമാകും തുടര്‍നടപടികള്‍. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും ബോസ് എന്നത് ആരാണെന്നുമടക്കമുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തും.