കോവൂർ കുഞ്ഞുമോനും എൽജെഡിയും മന്ത്രിസഭയിൽ ഉണ്ടാകില്ല;സ്ഥിരീകരണവുമായി എൽഡിഎഫ്
Thursday, September 21, 2023 11:39 AM IST
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ എൽജെഡിയ്ക്കും ആർഎസ്പി(ലെനിനിസ്റ്റ്)യ്ക്കും മന്ത്രിസ്ഥാനം ലഭിക്കില്ലെന്നുറപ്പായി. മന്ത്രി സ്ഥാനം വേണമെന്ന ആവശ്യമുന്നയിച്ച (ലെനിനിസ്റ്റ്) പാർട്ടി എംഎൽഎ കോവൂർ കുഞ്ഞുമോന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ വ്യക്തമാക്കി.
സംഭവിക്കാൻ ഉള്ളത് സംഭവിക്കുമെന്നും മറ്റ് കക്ഷികളുടെ ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ല എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ആരോഗ്യമന്ത്രി സ്ഥാനത്തു നിന്ന് വീണാ ജോർജിനെ മാറ്റുമെന്ന അഭ്യൂഹങ്ങളോടും ജയരാജൻ പ്രതികരിച്ചു.
ആരോഗ്യമന്ത്രി സ്ഥാനത്ത് സാഹസികമായാണ് വീണാ ജോർജ് പ്രവർത്തിക്കുന്നതെന്നാണ് ജയരാജൻ അഭിപ്രായപ്പെട്ടത്. എൽഡിഎഫിന്റെ ജനസദസ് പരിപാടിയെക്കുറിച്ചും ജയരാജൻ വാചാലനായി.
പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അല്ല ജനസദസ് നടത്തുന്നതെന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കുറ്റവാളികൾക്കെതിരായ നടപടിയെ എതിർക്കില്ലെന്നും പറഞ്ഞ എൽഡിഎഫ് കൺവീനർ തെറ്റ് ചെയ്തവരെ സർക്കാരോ മുന്നണിയോ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി.
വി. ഡി സതീശനും കെ. സുധാകരനുമായുള്ള തർക്കത്തെക്കുറിച്ചും ജയരാജൻ പ്രതികരിച്ചു. തർക്കം പരിഹാസ്യമാണെന്നും അവരുടെ ശീലം ഇതാണെന്നും പൊതുവെ ചെയ്യുന്നത് പത്രസമ്മേളനത്തിലും ചെയ്തു എന്നും ജയരാജൻ പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാനെതിരെയും അദ്ദേഹം പ്രതികരിച്ചു. ഗവർണർ ബില്ലുകൾ അംഗീകരിക്കാതെ സ്തംഭിപ്പിക്കുകയാണ്. ഗവർണറുടെ നിലപാട് പൊതു താൽപര്യത്തിന് വിരുദ്ധമാണെന്നും ഇ. പി ജയരാജൻ പ്രതികരിച്ചു.
മന്ത്രിസഭാ പുനഃസംഘടന ചർച്ച സജീവമായതോടെ എൽഡിഎഫിലെ ചെറു കക്ഷികളില്‍ മന്ത്രിസ്ഥാനം പങ്കിടൽ ഉൾപ്പെടെയുള്ള ചർച്ചകൾക്ക് തുടക്കമായിരുന്നു.
ആദ്യഘട്ടത്തിൽ മന്ത്രിസഭയിൽ ഉൾപ്പെടാതിരുന്ന എൽജെഡി ഇത്തവണ മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കുമെന്നും ഏക അംഗമായ കോവൂർ കുഞ്ഞുമോൻ ഇതിന് അവകാശവാദം ഉന്നയിച്ചെന്നും വിവരമുണ്ടായിരുന്നു.
എ.എൻ. ഷംസീറിനെ സ്പീക്കർ സ്ഥാനത്തു നിന്ന് മാറ്റി ആരോഗ്യമന്ത്രി വീണാ ജോർജിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുമെന്നായിരുന്നു ഉയർന്നു കേട്ട അഭ്യൂഹങ്ങളിലൊന്ന്.
ഷംസീറിനെ മാറ്റുന്ന വിഷയത്തിൽ നിയമസഭാ സമ്മേളനത്തിനിടയിൽ ഇടതുപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ വലിയ ചര്‍ച്ച നടന്നെന്നും വിവരമുണ്ട്. സിപിഎം മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും സാധ്യതയുണ്ടെന്നാണ് വിവരം.