കോഴിക്കോട്ട് വാഹനാപകടം; കാർ കത്തിനശിച്ചു
Tuesday, February 7, 2023 10:58 PM IST
കോഴിക്കോട്: കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽപ്പെട്ട ഒരു കാർ പൂർണമായി കത്തിനശിച്ചു. സംഭവത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു.
എതിർദിശകളിലെത്തിയ കാറുകൾ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ഡൽഹി രജിസ്ട്രേഷനുള്ള സെഡാൻ കാറിന്റെ ഫ്രണ്ട് ബംപറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ വാഹനത്തിലുണ്ടായിരുന്നവരെ വേഗം പുറത്തെത്തിച്ചു. കാറിന്റെ മുൻഭാഗത്ത് നിന്ന് പടർന്ന തീ, പതിയെ വാഹനത്തെ മുഴുവനായി വിഴുങ്ങി.
അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കുമ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.