സർക്കാർ ചെലവിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം നടത്തരുത്: കെ. സുരേന്ദ്രൻ
Saturday, September 23, 2023 6:03 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാർ ചെലവിൽ ഇടതുപക്ഷം രാഷ്ട്രീയ പ്രചരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ മുഖച്ഛായ നഷ്ടമായത് തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇത്തരമൊരു രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തയാറായതെന്നും സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു.
അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയാതെ പൊതു ഖജനാവിലെ കോടികൾ പൊടിച്ച് ഷോ നടത്തിയത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവും പിണറായിക്കും സംഘത്തിനും ലഭിക്കില്ല. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും വൻകിട മുതലാളിമാരെ കണ്ട് ഫണ്ട് ശേഖരിക്കുകയാണ് യാത്രയിലൂടെ ഉന്നമിടുന്നത്.
ദേശീയതലത്തിലെ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനു കേരളത്തിൽ നിന്നും ലഭിക്കുന്ന ഫണ്ട് കൂടിയേതീരൂ. സാധാരണക്കാരായ ജനങ്ങളോട് സംവദിക്കാനാണ് മണ്ഡലം യാത്ര എന്ന് പറയുന്നത് വെറും തട്ടിപ്പാണ്.
സംസ്ഥാനത്തെ ജനങ്ങൾ നികുതി വർധനവും വിലക്കയറ്റവും കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. ആദ്യം സർക്കാർ വർധിപ്പിച്ച നികുതികൾ വെട്ടികുറയ്ക്കണം. അതിന് ശേഷം വിലക്കയറ്റം നിയന്ത്രിക്കണം. അല്ലാതെ സമൂഹത്തിലെ വൻകിടക്കാരെ മാത്രം കാണാനായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ഷോ വെറും പ്രഹസനമാവുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.