തിരയില്‍പെട്ട് അപകടം; സിഡ്നിയില്‍ രണ്ട് മലയാളി യുവതികള്‍ മുങ്ങിമരിച്ചു
Tuesday, June 11, 2024 9:50 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ നടാല്‍ സ്വദേശിനി മര്‍വ ഹാഷിം(33), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന നരെഷയുടെ സഹോദരി പരിക്കുകളോടെ രക്ഷപെട്ടു.
തിങ്കളാഴ്ച വൈകുന്നേരം 4:30ഓടെ കടല്‍ തീരത്തെ പാറക്കെട്ടില്‍ ഫോട്ടോ എടുക്കാന്‍ കയറിയപ്പോഴാണ് അപകടം. മൂന്ന് യുവതികള്‍ തിരയില്പെട്ടതായി പോലീസ്, ഫയര്‍ഫോഴ്സ് സംഘത്തിന് സന്ദേശം ലഭിച്ചതിന് പിന്നാലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ കടലില്‍ നിന്ന് കണ്ടെത്തുന്നത്. കരയ്ക്കെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും രണ്ട് പേര് മരിച്ചു.
പാറക്കെട്ടില്‍ പിടിച്ച് കിടക്കാന്‍ പറ്റിയതുകൊണ്ടാണ് മൂന്നാമത്തെയാള്‍ക്ക് ജീവന് തിരിച്ചു കിട്ടിയതെന്നാണ് വിവരം. ഖബറടക്കം സിഡ്നിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഡോ.സിറാജ് ഹമീദാണ് മര്‍വ ഹാഷിമിന്റെ ഭര്‍ത്താവ്. ഹംദാന്‍, സല്മാന്, വഫ എന്നിവരാണ് മക്കള്‍. ടി.കെ. ഹാരിസാണ് നരെഷയുടെ ഭര്‍ത്താവ്. മക്കള്‍: സായാന്‍ അയ്മിന്, മുസ്ക്കാന്‍ ഹാരിസ്, ഇസ്ഹാന് ഹാരിസ്.