ചങ്ങനാശേരി: സീറോമലബാര്‍ സഭയുടെ കിരീടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചങ്ങനാശേരി മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് ആദരവോടെ നാടിന്‍റെ യാത്രാമൊഴി. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഇന്ന് ഉച്ചയോടെ നടന്നു.

സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയോടെയാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങിയത്. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉള്‍പ്പെടെ അമ്പതോളം ബിഷപ്പുമാരും അതിരൂപതയ്ക്കകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിനു വൈദികരും സഹകാര്‍മികരായി.

സീറോ മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ലത്തീന്‍സഭാ പ്രതിനിധി കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. ഫ്രാന്‍സീസ് മാര്‍പാപ്പായ്ക്കുവേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി അയച്ച അനുശോചന സന്ദേശം ബിഷപ് മാര്‍ തോമസ് പാടിയത്ത് വായിച്ചു.

ചെമ്പ് പട്ടയില്‍ കൊത്തി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സാക്ഷ്യപ്പെടുത്തി കൈയൊപ്പു വച്ച മാര്‍ പവ്വത്തിലിന്‍റെ ജീവിതരേഖ ഭൗതികശരീരത്തോടൊപ്പം പെട്ടിയില്‍ വച്ച് അടക്കംചെയ്തു. മെത്രാപ്പോലീത്തന്‍ പള്ളിയോടു ചേര്‍ന്നുള്ള മര്‍ത്തമറിയം കബറിടപള്ളിയിലെ മുന്‍ ആര്‍ച്ച്ബിഷപ്പ് ദൈവദാസന്‍ മാര്‍ കാവുകാട്ട് ഉള്‍പ്പെടെയുള്ള അഭിവന്ദ്യരായ മെത്രാന്മാരുടെ കബറിടത്തോടുചേര്‍ന്നാണ് മാര്‍പവ്വത്തിലിന്‍റെ ഭൗതികശരീരം അടക്കം ചെയ്തത്.

ഇന്നലെയും ഇന്നുമായി പതിനായിരങ്ങളാണ് മാര്‍ പവ്വത്തിലിന് ആദരവ് അര്‍പ്പിക്കാന്‍ എത്തിയത്. ഭൗതികശരീരം പൊതുദര്‍ശനത്തിനുവച്ചിരുന്ന സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയും പരിസരങ്ങളും ജനനിബിഢമായിരുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ക്രൈസ്തവസഭാ സമൂഹങ്ങളില്‍നിന്നുള്ള ബിഷപ്പുമാര്‍, വൈദികർ, സന്യാസിനികള്‍, വിശ്വാസികൾ, നാനാജാതി മതസ്ഥര്‍ തുടങ്ങി വന്‍ജനാവലിയാണ് വലിയ ഇടയനെ അവസാനമായി ഒരുനോക്കുകാണാനായി ഒഴുകി എത്തിയത്.

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, മന്ത്രിമാരായ വീണാ ജോര്‍ജ്, വി.എൻ. വാസവന്‍, റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവരും മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരും ഇന്നു രാവിലെ ആദരവര്‍പ്പിച്ച പ്രമുഖരില്‍പ്പെടുന്നു.

മാർ പവ്വത്തിലിനോട് ആദരവ് പ്രകടിപ്പിച്ച് ചങ്ങനാശേരിയിലെ മുഴുവൻ വ്യാപാരികളും കടകളടച്ച് ഹർത്താലാചരിച്ചു.