നിസാരം! മീരാബായ് ചാനുവിന് ദേശീയ ഗെയിംസ് സ്വർണം
Friday, September 30, 2022 3:57 PM IST
അഹ്മദാബാദ്: ഒളിന്പിക്സ് വെള്ളി മെഡൽ പകിട്ടുമായി ഗുജറാത്ത് ദേശീയ ഗെയിംസിനെത്തിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് സ്വർണത്തിളക്കം. 191 കിലോ ഭാരം ഉയർത്തിയാണ് വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ ചാനു ഒന്നാമതെത്തിയത്.
സ്നാച്ച് അവസരത്തിൽ 84 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്ക് അവസരത്തിൽ 107 കിലോഗ്രാമും ഉയർത്തിയാണ് ചാനു മണിപ്പൂരിനായി മെഡൽ കരസ്ഥമാക്കിയത്. ഇരുവിഭാഗത്തിലും ആദ്യ അവസരത്തിൽ ലീഡെടുത്ത താരം മൂന്നാം അവസരം ഉപയോഗിക്കാതെത്തന്നെ മെഡൽ ഉറപ്പിച്ചിരുന്നു.
മണിപ്പൂർ താരം സഞ്ജിത ചാനു 187 കിലോഗ്രാം ഉയർത്തി വെള്ളി കരസ്ഥമാക്കിയപ്പോൾ ഒഡീഷയുടെ സ്നേഹ സോറൻ വെങ്കലം നേടി.