നിപ: മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കണ്ടെയ്ന്മെന്റ് സോണുകള്‍ നിലവില്‍
Wednesday, September 13, 2023 8:47 AM IST
കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സ തേടിയ മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിആര്‍ഡിഎല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ സാംപിളുകള്‍ പൂനയിലേക്ക് അയക്കില്ല.
സംസ്ഥാനത്ത് നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ മൂന്ന് കേന്ദ്ര സംഘങ്ങള്‍ ബുധനാഴ്ച കോഴിക്കോട് എത്തും. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ പരിശോധനാ സംഘവും ഐസിഎംആറില്‍ നിന്നുള്ള സംഘവും ജില്ലയില്‍ എത്തും.
പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധര്‍ അടങ്ങുന്നതാണ് അടുത്ത സംഘം. ആരോഗ്യവകുപ്പുമായി ഇവര്‍ യോജിച്ച് പ്രവര്‍ത്തിക്കും.
അതിനിടെ, കോഴിക്കോട് ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി. ആയഞ്ചേരി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 12,13,14, വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാണ്.
കൂടാതെ തിരുവള്ളൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, 20 വാര്‍ഡുകള്‍, കുറ്റ്യാടി പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10 വാര്‍ഡുകള്‍, കായക്കൊടി പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകള്‍, വില്യാപ്പള്ളി പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍, കാവിലുംപാറ പഞ്ചായത്തിലെ രണ്ട്, 10,11,12,13,14,15,16 വാര്‍ഡുകളുമാണ് കണ്ടെയ്ന്മെന്റ് സോണുകളാക്കി.
കണ്ടെയ്ന്മെന്റ് സോണിലെ നിയന്ത്രണങ്ങള്‍:
• കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല.
• അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും, പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വെെകുന്നേരം അഞ്ചുവരെ.
• മരുന്ന് കടകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയ നിയന്ത്രണമില്ല.
• തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാര്‍ മാത്രം.
• സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ ബാങ്കുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍ എന്നിവ തുറക്കില്ല.
• തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കണം.
• പൊതുപ്രവേശന റോഡുകളിലൂടെ വാഹന ഗതാഗതം നിരോധിക്കും. ബസ് സര്‍വീസുകളും ഈ വാര്‍ഡുകളില്‍ വാഹനം നിര്‍ത്തരുത്.
• സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം.