മലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചു; പൂനേയിലെ പരിശോധനാ ഫലവും പോസിറ്റീവ്
Sunday, September 15, 2024 4:41 PM IST
മലപ്പുറം: കഴിഞ്ഞ ദിവസം മരിച്ച 24 കാരന് നിപ സ്ഥിരീകരിച്ചു. പൂനേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച സ്രവ സാമ്പിളാണ് പോസിറ്റീവായത്.
151 പേർ ഇയാളുടെ സമ്പർക്ക പട്ടികയിലുണ്ട്. ഇയാൾ നാല് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. കുടാതെ സുഹൃത്തുക്കൾക്കൊപ്പം ഇയാൾ ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബംഗളൂരുവിൽ നിന്നെത്തിയ വിദ്യാർഥിയായ 24 കാരൻ പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ മരിച്ചത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്.
വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ സാമ്പിള്‍ ഫലം പോസിറ്റീവാകുകയായിരുന്നു. തുടര്‍ന്ന് സ്ഥിരീകരണത്തിനായി പുന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയച്ചിരുന്നു. ഈ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പോസിറ്റീവായത്.