ഒഡീഷ ട്രെയിന് അപകടം: മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് 10 ലക്ഷം വീതം ധനസഹായം
Saturday, June 3, 2023 12:51 PM IST
ന്യൂഡല്ഹി: ഒഡീഷയിലെ ബാലസോറിലെ ബഹനാഗ റെയില്വേ സ്റ്റേഷന് സമീപമുണ്ടായ ട്രെയിന് അപകടത്തില് ഇരയായവര്ക്ക് കേന്ദ്ര സര്ക്കാര് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അപകടത്തില് മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്ക്ക് രണ്ട് ലക്ഷം രൂപയും നൽകും. നിസാര പരിക്കേറ്റവര്ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 7.20നാണ് ട്രെയിനപകടമുണ്ടായത്. ഒരു ചരക്ക് ട്രെയിന് ഉള്പ്പെടെ മൂന്നു ട്രെയിനുകളാണ് അപകടത്തില്പ്പെട്ടത്. അപകടത്തിൽ മരണം 280 കടന്നു. ആയിരത്തോളം പേര്ക്ക് പരിക്കേറ്റു. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുര്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര് അനുശോചിച്ചു.