"ഗാന്ധി കുടുംബം ഇന്ത്യയെ തകർത്തു': അദാനിയെക്കുറിച്ച് മിണ്ടാതെ മോദിയുടെ മറുപടിപ്രസംഗം
"ഗാന്ധി കുടുംബം ഇന്ത്യയെ തകർത്തു': അദാനിയെക്കുറിച്ച് മിണ്ടാതെ മോദിയുടെ മറുപടിപ്രസംഗം
Thursday, February 9, 2023 4:09 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടി പ്രസംഗത്തിലാണ് കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും രൂക്ഷമായി വിമർശിച്ച് മോദി രംഗത്തെത്തിയത്. എന്നാൽ അദാനി വിവാദത്തിൽ അദ്ദേഹം മൗനം തുടർന്നു.

ഗാന്ധി കുടുംബവും കോൺഗ്രസും ചേർന്ന് രാജ്യത്തെ തകർത്തു. വീണുകിടന്ന രാജ്യത്തെ ബിജെപിയാണ് പടുത്തുയർത്തിയത്. കോൺഗ്രസ് വിജ്ഞാനത്തിന്‍റെയും സാങ്കേതികവിദ്യയുടെയും വിരോധികളാണ്. കോൺഗ്രസിന്‍റെ അക്കൗണ്ട് പൂട്ടിച്ചതിന്‍റെ വിഷമം മനസിലാകുന്നുണ്ട്. കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല, ജനം നിങ്ങളെ തള്ളിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗാന്ധി കുടുംബത്തിലെ അടുത്ത തലമുറയിലെ ആരും പേരിനൊപ്പം നെഹ്റുവെന്ന് ചേർക്കുന്നില്ല. പേരിനോടൊപ്പം നെഹ്റുവെന്ന് ചേർക്കാൻ അവർക്ക് പേടിയാണ്. രാജ്യം ഒരു കുടുംബത്തിന്‍റെയും കീഴിലല്ല നിലനിൽക്കുന്നത്.

2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. രാജ്യത്തിന് വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. ഒരാൾ ഇത്രയും ആളുകൾക്കെതിരേ പോരാടുന്നു. ഈ പോരാട്ടത്തിൽ രാജ്യത്തിന് വേണ്ടി മരിക്കാൻ പോലും തയാറാണെന്നും മോദി പറഞ്ഞു.

കർഷകരെ കോൺഗ്രസ് നിരവധിതവണ ചൂഷണം ചെയ്തു. ആർട്ടിക്കിൾ 356 അധികം ഉപയോഗിച്ചത് കോൺഗ്രസാണ്. 50 തവണയാണ് ഇവർ ഈ നീക്കം നടത്തിയത്. പാപികളായ കോൺഗ്രസുകാർ രാജ്യത്തെ തകർക്കുകയായിരുന്നു.

ആര് ബഹളം വച്ചാലും ജനം സർക്കാരിന്‍റെ നേട്ടങ്ങൾ ശ്രദ്ധിക്കും. ബിജെപി ശ്രദ്ധിക്കുന്നത് എല്ലാവരുടെയും ശാക്തീകരണമാണ്. രാജ്യം വികസനപാതയിലാണ്, ജനങ്ങളുടെ ആശിർവാദം ബിജെപിക്കുണ്ട്. ചിലരുടെ രാഷ്ട്രീയ താൽപര്യത്തിനായി ജനത്തെ പറ്റിക്കുന്ന പരിപാടി ഞങ്ങൾക്കില്ല. ആദിവാസികളുടെ ഫണ്ട് ബജറ്റിൽ അഞ്ചിരട്ടിയാക്കിയത് ബിജെപിയാണ്.

പ്രതിപക്ഷം തടസപ്പെടുത്തുമ്പോഴും തന്‍റെ വാക്കുകൾ ജനം ശ്രദ്ധയോടെയാണ് കേൾക്കുന്നത്. പ്രതിപക്ഷം സർക്കാരിനുമേൽ തുടർച്ചയായി ചെളി എറിയാനാണ് ശ്രമിക്കുന്നത്. എന്നാൽ ഈ ചെളിയിൽ താമര ശക്തമായി വളരുമെന്ന് വിമർശകർ ഓർക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും മോദി രൂക്ഷമായി വിമർശിച്ചു. കർണാടകയ്ക്ക് വേണ്ടി ഖാർഗെ ഒന്നും ചെയ്തിട്ടില്ല. ഖാർഗെയുടെ മണ്ഡലത്തിൽ വികസനം എത്തിച്ചത് ബിജെപിയാണ്. സ്വന്തം തട്ടകത്തിൽ താൻ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹം തനിക്കെതിരേ വിമർശനം ഉന്നയിക്കാനുള്ള കാരണമെന്നും മോദി വ്യക്തമാക്കി.

അതേസമയം, സഭയിൽ പ്രധാനമന്ത്രി സംസാരിക്കാൻ എഴുന്നേറ്റത് മുതൽ പ്രസംഗം അവസാനിക്കുന്നത് വരെ പ്രതിപക്ഷം ബഹളം തുടർന്നു. മോദി- അദാനി, ഭായ് ഭായ് എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചത്. മോദി- അദാനി ബന്ധത്തിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉയർത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<