സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Sunday, May 28, 2023 4:08 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത. കാലവര്‍ഷത്തിന് മുന്നോടിയായി കാറ്റിന്റെ ഗതി അനുകൂലമാകുന്നുണ്ട്. ഇതിനാല്‍ കൂടുതല്‍ മഴ മേഘങ്ങള്‍ സംസ്ഥാനത്തിന്റെ അന്തരീക്ഷത്തിലേക്ക് എത്തുന്നതിനാലാണ് മഴ വ്യാപകമാകുന്നത്.
ഞായറാഴ്ച, പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
മോശം കാലാവസ്ഥ സാധ്യതയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശമുണ്ട്.