വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച; 60 പവൻ സ്വർണം മോഷണം പോയതായി പരാതി
Friday, March 31, 2023 3:41 PM IST
ചെന്നൈ: ഗായകൻ വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച. ചെന്നൈയിലെ വീട്ടിൽനിന്ന് 60 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം അഭിരാമിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിൽനിന്നും 60 പവൻ സ്വർണ, വജ്രാഭരണങ്ങൾ നഷ്ടമായി എന്നായിരുന്നു പരാതി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഒരാഴ്ച മുൻപാണ് നടൻ രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും സമാനരീതിയിൽ മോഷണ ശ്രമം നടത്തിയത്. അന്ന് വീട്ടുജോലിക്കാരിയെ സംശയമുണ്ടെന്ന് ഐശ്വര്യ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് ഒരു വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു.