ധാക്ക: ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. കഴിഞ്ഞ മത്സരത്തില്‍ കൈവിരലിനു പരിക്കേറ്റ അദ്ദേഹം വിശദമായ പരിശോധനകള്‍ക്കായി മുംബൈയിലേക്ക് മടങ്ങി.

മുഹമ്മദ് സിറാജിന്‍റെ രണ്ടാം ഓവറിലെ നാലാം പന്തില്‍ സ്ലിപ്പ് പൊസിഷനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത് പന്ത് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ തള്ളവിരലിന് പരിക്കേല്‍ക്കുകയായിരുന്നു.

അവസാന ഏകദിനത്തില്‍ രോഹിത്തിന് പകരമായി രാഹുല്‍ ത്രിപാഠി, രജത് പാടിദാര്‍ എന്നിവരില്‍ ഒരാള്‍ ടീമിലെത്തും. ഈ മാസം 14ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും രോഹിത് കളിച്ചേക്കില്ല. കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ ടീമിനെ നയിച്ചേക്കും.

ടെസ്റ്റില്‍ രോഹിത് കളിക്കുമോ എന്നത് സാഹചര്യങ്ങള്‍ പരിഗണിച്ച് തീരുമാനിക്കുമെന്ന് ബിസിസിഐ അറിയിച്ചു. രോഹിത് കളിച്ചില്ലെങ്കില്‍ ബംഗ്ലാദേശ് എയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ച അഭിമന്യു ഈശ്വരന്‍ പകരക്കാരനായി എത്തും. പേസര്‍ ഉമ്രാന്‍ മാലിക് ടെസ്റ്റില്‍ അരങ്ങേറുമെന്നും സൂചനയുണ്ട്.