ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 17 ഇന്ത്യക്കാർ; മോചനത്തിന് കേന്ദ്രം ഇടപെടുന്നു
Saturday, April 13, 2024 9:19 PM IST
ന്യൂഡൽഹി: ഇറാൻ റവല്യൂഷണറി ഗാർഡ്സ് പിടിച്ചെടുത്ത ഇസ്രയേൽ ചരക്ക് കപ്പലിൽ ഉണ്ടായിരുന്ന 17 ഇന്ത്യാക്കാരുടെ മോചനത്തിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത്. ടെഹ്റാനിലെയും ഡൽഹിയിലെയും ഇറാൻ അധികൃതരുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ വച്ചാണ് എംസിഎസ് ഏരീസ് എന്ന കണ്ടെയ്നർ കപ്പൽ ഇറാൻ നാവികസേനയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന പാലക്കാട്, കോഴിക്കോട് സ്വദേശികളെക്കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്നർ കപ്പലാണ് എംഎസ്സി ഏരീസ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റേതാണ് ഈ കമ്പനി.
ഇറാൻ ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടിനെത്തുടർന്ന് ഇസ്രയേൽ പ്രതിരോധം ശക്തമാക്കുന്നതിനിടെയാണ് കപ്പൽ പിടിച്ചെടുത്തത്. ചരക്കുകപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്തെത്തി.
മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിന്റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.