സിക്കിമില്‍ അതീവ ജാഗ്രതാ നിര്‍ദേശം; ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നു
Wednesday, October 4, 2023 1:40 PM IST
ഗാംഗ്ടോക്ക്: മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായ സിക്കിമില്‍ അതീവ ജാഗ്രതാ നിര്‍ദേശം.
ലോനാക് തടാകത്തില്‍ ഉണ്ടായ മേഘവിസ്ഫോടനമാണ് ടീസ്റ്റ നദിയില്‍ വന്‍പ്രളയം സൃഷ്ടിച്ചത്. ലാചെന്‍ താഴ്വരയില് 23 സൈനികരെയും 41 സൈനിക വാഹനങ്ങളെയും ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ടീസ്റ്റ കരകവിഞ്ഞതോടെ നദിക്കു മുകളിലുണ്ടായിരുന്ന സിംഗ്താം പാലം തകര്‍ന്നുവീണു. പശ്ചിമബംഗാളിനെയും സിക്കിമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാത 10ന്റെ പല ഭാഗങ്ങളും ഒലിച്ചു പോയി.
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്കിയ സിക്കിം സര്‍ക്കാര്‍ ടീസ്റ്റയുടെ സമീപപ്രദേശത്തുള്ള ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അറിയിച്ചിട്ടുണ്ട്.
മുന്‍കരുതലെന്ന നിലയില്‍ ബംഗാളിലെ കലിംപോംഗ്,ഡാര്‍ജിലിംഗ്, ജല്‍പായ്ഗുരി ജില്ലകളിലെ നദീതടങ്ങളില്‍ നിന്ന് നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
സൈനികരെ കാണാതായ സംഭവത്തില്‍ ആശങ്കയറിയിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാള്‍ സർക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.
മാല്, രാജ്ഗഞ്ച്, മൈനാഗുരി, ജല്‍പായ്ഗുരി,മെല്ഹ്ലിഗഞ്ച്,ഹാല്ഡിബാരി എന്നീ നദീതീരപ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ദുരന്ത നിവാരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.