ഭീകരവാദികള്‍ വീണ്ടും ട്രെയിന്‍ കത്തിച്ചതിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥ: സുരേന്ദ്രൻ
Thursday, June 1, 2023 6:55 PM IST
ആലപ്പുഴ: സംസ്ഥാനത്ത് ഭീകരവാദികള്‍ വീണ്ടും ട്രെയിന്‍ കത്തിച്ചതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കൂടി ഇല്ലായിരുന്നില്ലെങ്കില്‍ രാജ്യദ്രോഹശക്തികള്‍ കേരളത്തെ എന്നേ ചാമ്പലാക്കിയേനെയെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ ശക്തികള്‍ക്കായി കേരളത്തില്‍ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. കേരള സര്‍ക്കാരിന് മതഭീകരവാദികളോട് മൃദു സമീപനമാണ്.
കേരളത്തിലെ ഇന്റലിജന്‍സ് വിവരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. ട്രെയിൻ കത്തിയതിനു തൊട്ടടുത്ത് വലിയ ഓയില്‍ ടാങ്കര്‍ ഉണ്ട്. എലത്തൂരിലും ഇങ്ങനെയായിരുന്നു സ്ഥിതി. കേരളത്തില്‍ വ്യാപകമായി എന്‍ഐഎ റെയിഡുകളും നിരീക്ഷണങ്ങളും നടത്തുന്നുണ്ട്.
കേരള പോലീസ് എന്താണ് ചെയ്യുന്നത്. ഭീകര വാദികളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരാണ് കേരളത്തിലുള്ളത്. ജനങ്ങളില്‍ വലിയ തോതില്‍ ഭയാശങ്ക ഉണ്ടാക്കിയിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.