ജാപ്പനീസ് ഡോക്യുമെന്ററി സംവിധായകന് 10 വർഷം തടവുശിക്ഷ വിധിച്ച് മ്യാൻമർ
Thursday, October 6, 2022 11:34 AM IST
ടോക്യോ: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജാപ്പനീസ് ചലച്ചിത്ര സംവിധായകന് മ്യാൻമർ സൈനിക കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. ജപ്പാനിലെ യോകൊഹോമ സ്വദേശിയായ ഡോക്യുമെന്ററി സംവിധായകൻ ടോരു കുബോട്ട(26) ജൂലൈയിൽ യാംഗൂണിലെ പ്രതിഷേധ പരിപാടിക്കിടെയാണ് അറസ്റ്റിലായത്.
കുബോട്ട രാജ്യത്തെ വിവരസാങ്കേതിക നിയമങ്ങൾ ലംഘിച്ചെന്നും വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്നുമാരോപിച്ചാണ് മ്യാൻമർ കോടതിയുടെ നടപടി. വിസ നിയമങ്ങൾ ലംഘിച്ച് വിദേശ പൗരൻ സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇയാൾ അറസ്റ്റിലായതെന്നാണ് ആദ്യം പ്രചരിച്ച വിവരം. ഈ കേസിലെ കുബോട്ടയുടെ വാദം ഒക്ടോബർ 12-ന് കേൾക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി കുബോട്ടയുടെ സുഹൃത്തുക്കൾ ജപ്പാനിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മ്യാൻമറിലെ കോടതികൾ സ്വതന്ത്രമാണെന്നും ഇവയുടെ നടപടികളിൽ സുതാര്യത ഉറപ്പാണെന്നും സൈനിക ഭരണകൂടം പ്രതികരിച്ചു.
ലണ്ടൻ യൂണിവേഴ്സിറ്റി ഓഫ് ആർട്സിലെ വിദ്യാർഥിയായ കുബോട്ട രോഹിൻഗ്യൻ അഭയാർഥികളുടെ ജീവിതത്തെ ആസ്പദമാക്കി എംപതി ട്രിപ്പ് എന്ന ഡോക്യുമെന്ററി നിർമിച്ചിട്ടുണ്ട്.