സന്നദ്ധ സേവകര്‍ രജിസ്റ്റര്‍ ചെയ്യണം; വിലപിടിപ്പുള്ള വസ്തുക്കൾ ലഭിച്ചാൽ കൺട്രോൾ റൂമിൽ ഏൽപ്പിക്കണം
Saturday, August 3, 2024 9:34 PM IST
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലകളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ഞായറാഴ്ച രാവിലെ 6.30 മുതൽ ചൂരൽമല കൺട്രോൾ റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും.
ഈ കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്തമേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകർ ടീം ലീഡറുടെ പേര് വിലാസം എന്നിവ ഉൾപ്പെടെ രജിസ്റ്റർ ചെയ്യണം.
രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലോ മറ്റു കൺട്രോൾ റൂമിലോ ഏൽപിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. കൺട്രോൾ റൂമിൽ ലഭിച്ച വസ്തുക്കൾ പോലീസിന് കൈമാറി രസീത് കൈപറ്റണം .
ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് കൈമാറണം. ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.