കുട്ടനാട്ടിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം; പോലീസ് ലാത്തിവീശി
Wednesday, June 7, 2023 5:51 PM IST
ആലപ്പുഴ: കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ കുടിശിക തുക സർക്കാർ ഇതുവരെയും നൽകിയില്ലെന്നാരോപിച്ച് കുട്ടനാട്ടിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.
മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവർ പങ്കെടുക്കുന്ന അദാലത്ത് നടക്കുന്ന കുട്ടനാട് താലൂക്ക് ഓഫീസിലേക്കായിരുന്നു കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
നാലുമാസം മുൻപ് കുട്ടനാട്ടിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ പണം ഇപ്പോഴും കർഷകർക്ക് നൽകിയിട്ടില്ലെന്നാണ് ആരോപണം. 557 കോടി രൂപ കുടിശികയാണെന്നും പണം നൽകാത്തതിനാൽ കർഷകരെല്ലാം സാന്പത്തിക പ്രതിസന്ധിയിലാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
കർഷകർക്ക് കോടികണക്കിന് പണം കൊടുക്കാൻ ബാക്കിനിൽക്കേ മുഖ്യമന്ത്രിയും സംഘവും വിദേശയാത്ര നടത്തി സന്പത്ത് ധൂർത്തടിക്കുകയാണെന്നും അവർ ആരോപിച്ചു. പോലീസിന്റെ ലാത്തിചാർജിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഇപ്പോൾ എസി റോഡ് ഉപരോധിക്കുകയാണ്.