കാലവർഷം 48 മണിക്കൂറിനുള്ളിൽ
Wednesday, June 7, 2023 6:29 PM IST
തിരുവന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ കാറ്റ് ശക്തിയാർജിച്ചതിനു പിന്നാലെ കാലവർഷം കേരളതീരത്ത് എത്തിച്ചേരാനുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം അറബിക്കടലിൽ രൂപം കൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. 145 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശും. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരി ക്കുന്ന ചുഴലി ഒമാൻ തീരത്തേക്കോ കറാച്ചി തീരത്തേക്കോ നീങ്ങാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിൽ കാലവർഷം എത്തിച്ചേരാനുള്ള അനുകൂല സാഹചര്യമൊരുക്കും. ഇതിനു പുറമെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.