വ്യാജ രേഖ ചമച്ചതിന്റെ പൂർണ ഉത്തരവാദി വിദ്യതന്നെ: മന്ത്രി ഡോ. ആർ ബിന്ദു
Thursday, June 8, 2023 7:40 PM IST
തിരുവനന്തപുരം : മഹാരാജാസ് കോളജിന്റെ പേരിൽ ലെറ്റർ പാഡും സീലും തയാറാക്കി വ്യാജരേഖ ചമച്ചതിന്റെ പൂർണ ഉത്തരവാദിത്വം കെ. വിദ്യ എന്ന വ്യക്തിക്കാണെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു. ഈ സംഭവത്തിൽ പ്രിൻസിപ്പലോ കോളജോ കുറ്റക്കാരാവില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദ്യയ്ക്ക് വ്യാജരേഖയുണ്ടാക്കാൻ ആരുടെയെങ്കിലും സഹായം കിട്ടിയതായി സംശയിക്കേണ്ടേ എന്ന ചോദ്യത്തിന് അവർ ഒരു മുതിർന്ന വ്യക്തിയാണെന്നും അവർ തന്നെയാണ് അത് ഉണ്ടാക്കി ഹാജരാക്കിയതെന്നുമായിരുന്നു മന്ത്രിയുടെ പ്രികരണം. അപ്പോൾ വ്യാജരേഖയുടെ പ്രാഥമിക ഉത്തവവാദിത്വം അവർക്ക് തന്നെയാണ് . ഒരാൾ ചെയ്ത തെറ്റിനെ തെറ്റിനെ രാഷ്ട്രീയവത്കരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്. എൻഐആർഎഫ് റാങ്കിംഗിൽ മികച്ച സ്ഥാനം നേടി മുന്നേറുന്ന മഹാരാജാസ് കോളജിനെ വിലയിടിച്ച് കാട്ടാനാണ് ചിലരുടെ ശ്രമം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എം. ആർഷോയുടെ വിഷയത്തിൽ സാങ്കേതിക പിശകാണ് സംഭവിച്ചതെന്ന് കോളേജ് അധികൃതർ പറഞ്ഞു.
ജൂനിയർ ക്ലാസിലെ വിദ്യാർഥികളുടേതിന് ഒപ്പം മാർക്ക് രേഖപ്പെടുത്താതെ പാസ് എന്ന് മാത്രം രേഖപ്പെടുത്തിയ മാർക്ക് ലിസ്റ്റ് എങ്ങനെ വന്നു എന്ന് സർക്കാർ അന്വേഷിക്കും. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്.
വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച പരാതിയിൽ കാലടി സർവകലാശാല സിൻഡിക്കേറ്റിന്റെ ലീഗൽ സബ് കമ്മിറ്റി അന്വേഷിക്കും. സർവകലാശാലയിൽ നിന്നും ഉടൻ റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.