രേഷ്മയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതിയുടെ വിചാരണ; ദൃശ്യങ്ങള്‍ മൊബൈലില്‍
രേഷ്മയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതിയുടെ വിചാരണ; ദൃശ്യങ്ങള്‍ മൊബൈലില്‍
Thursday, August 10, 2023 4:37 PM IST
കൊച്ചി: കലൂരിലെ ഓയോ ഹോട്ടലില്‍ കെയര്‍ ടേക്കറായ യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായിയെന്ന് പോലീസ്.

കൊലപാതകത്തിന് മുമ്പ് പ്രതി പെണ്‍കുട്ടിയെ മുറിയില്‍ വച്ച് വിചാരണ നടത്തി. ഈ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തെന്ന് പോലീസ് പറയുന്നു.

ബുധനാഴ്ച രാത്രി 10.30-നായിരുന്നു സംഭവം. ചങ്ങനാശേരി ചീരന്‍വേലിയില്‍ രവിയുടെ മകള്‍ രേഷ്മ (26) ആണ് കഴുത്തിന് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് തലയാട് തോട്ടത്തില്‍വീട്ടില്‍ നൗഷിദി(30) നെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.

കലൂര്‍ പൊറ്റക്കുഴി റോഡിലെ മസ്ജിദ് ലൈനില്‍ ഓയോ ഹോട്ടലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു നൗഷിദി രേഷ്മയെ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലാബ് അറ്റന്‍ഡര്‍ ആയി ജോലി ചെയ്യുകയായിരുന്ന രേഷ്മ മൂന്ന് വര്‍ഷമായി കൊച്ചിയിലായിരുന്നു താമസം.

സൗഹൃദം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തിനിടെ കൊലപ്പെടുത്തിയെന്നാണ് പ്രതി നൗഷിദ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. തന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവച്ച് കളിയാക്കിയതും വൈരാഗ്യത്തിന് ഇടയാക്കിയെന്നു പ്രതി പോലീസിനോടു പറഞ്ഞു.


എന്നാല്‍ കൊലയ്ക്കു കാരണം യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന പ്രതിയുടെ സംശയമാണെന്ന് പോലീസ് പറയുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. സംഭവസമയത്ത് മദ്യലഹരിയിലായിരുന്ന ഇയാള്‍ ബുധനാഴ്ച പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

2019 ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലായി. കുറച്ചുകാലം ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നു. ഇരുവരും പലപ്പോഴും വഴക്കിലേര്‍പ്പെടുമായിരുന്നു.

ബുധനാഴ്ച ഹോട്ടലില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നു നൗഷിദ് കത്തിയെടുത്ത് രേഷ്മയുടെ കഴുത്തിലും ദേഹമാസകലവും കുത്തുകയായിരുന്നു.

വലതുകഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് രേഷ്മയുടെ മരണകാരണം. ചോര വാര്‍ന്നായിരുന്നു മരണം. ഓയോ ഹോട്ടലിലെ മറ്റൊരു ജീവനക്കാരന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി നൗഷിദിനെ കസ്റ്റഡിയിലെടുത്തു. രേഷ്മയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൊലപാതക വിവരമറിഞ്ഞ് രേഷ്മയുടെ ബന്ധുക്കള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<