ഇഡിക്ക് ആശ്വാസം; അരവിന്ദാക്ഷനെ തല്ലുന്നത് കണ്ടില്ലെന്ന് മുഖ്യസാക്ഷി
Friday, September 22, 2023 8:09 PM IST
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷന്റെ ആരോപണം തള്ളി മുഖ്യസാക്ഷി ജിജോർ. ഒന്പതു ദിവസത്തോളം ഉണ്ടായിരുന്നെങ്കിലും ആരെയും മർദിക്കുന്നത് താൻ കണ്ടിട്ടില്ലെന്നാണ് ജിജോറിന്റെ പ്രതികരണം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എല്ലാ ക്യാബിലും സിസിടിവി ക്യാമറകളുണ്ട്. ഇഡി ഒരിക്കൽ പോലും ചീത്ത വാക്ക് പ്രയോഗിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല.
തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലാണ് നടന്നതെന്നും അരവിന്ദാക്ഷന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ജിജോർ വാർത്താ ചാനലിനോട് പറഞ്ഞു.
തന്നെ ഇഡി ഉദ്യോഗസ്ഥർ ചൂരൽ ഉപയോഗിച്ച് മർദ്ദിച്ചുവെന്നും ചില പേരുകൾ പറയാൻ നിർബന്ധിച്ചുവെന്നുമായിരുന്നു സിപിഎം കൗൺസിലറുടെ ആരോപണം. പിന്നീട് താൻ ആശുപത്രിയിൽ ചികിത്സ തേടിയെന്നും അരവിന്ദാക്ഷൻ പറഞ്ഞു.
അരവിന്ദാക്ഷൻ പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേരള പോലീസ് ഇഡി ഓഫീസിൽ എത്തി പരിശോധന നടത്തിയിരുന്നു.