കോണ്‍ഗ്രസ് വനിതാ സംവരണബില്ലിനെ പിന്തുണച്ചത് ഗത്യന്തരമില്ലാതെ; വിമര്‍ശനവുമായി മോദി
Monday, September 25, 2023 5:32 PM IST
ഭോപ്പാല്‍: കോണ്‍ഗ്രസ് പാര്‍ട്ടി തുരുമ്പെടുത്ത ഇരുമ്പിനു സമാനമെന്ന് നരേന്ദ്ര മോദി. വനിതാ സംവരണബില്ലിനെ കോണ്‍ഗ്രസ് പിന്തുണച്ചത് ഗതികേടുകൊണ്ടാണെന്നും മോദി വിമര്‍ശിച്ചു. ഭോപ്പാലിലെ 'കാര്യകര്‍ത്ത മഹാകുംഭ്'പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശ് രോഗാവസ്ഥയിലാകുമെന്നും മോദി പറഞ്ഞു. സ്ത്രീശക്തിയെ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമം. ദ്രൗപദി മുര്‍മു രാഷ്ട്രപതിയാകുന്നത് തടയാൻ ശ്രമിച്ചതും അവരെ അവഹേളിക്കുന്നതും പ്രതിപക്ഷമാണ്. കോണ്‍ഗ്രസിന് വീണ്ടും അവസരം ലഭിച്ചാല്‍ സംസ്ഥാന നിയമസഭകളിലെ 33 ശതമാനം വനിതാ സംവരണം അവര്‍ അട്ടിമറിക്കുമെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരാണെന്നും അവര്‍ക്ക് പാവപ്പെട്ടവരുടെ ജീവിതം സാഹസിക ടൂറിസമാണെന്നും പറഞ്ഞ മോദി കോണ്‍ഗ്രസ് നേതാക്കള്‍ പാവപ്പെട്ടവരുടെ വീട് വിനോദസഞ്ചാരത്തിനും വീഡിയോ ഷൂട്ടിനുമുള്ള ഇടമായി കാണുന്നുവെന്നും പറഞ്ഞു.
തനിക്ക് വലുത് രാജ്യമാണെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസിനെ 'തുരുമ്പെടുത്ത ഇരുമ്പ്' എന്നാണ് വിശേഷിപ്പിച്ചത്. കോടികളുടെ അഴിമതിയും വോട്ട്ബാങ്ക് പ്രീണനത്തിന്റെ ചരിത്രമാണ് കോണ്‍ഗ്രസിനുളളതെന്നും മോദി വിമര്‍ശിച്ചു.
വികസിത ഇന്ത്യയ്ക്കായി മധ്യപ്രദേശും വികസിക്കേണ്ടതുണ്ടെന്ന് പറഞ്ഞ മോദി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് അഞ്ചു കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്നും വ്യക്തമാക്കി.
സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് മധ്യപ്രദേശിനെ രോഗാവാസ്ഥയിലാക്കിയെന്നും ഇനി ഒരവസരംകൂടി അവര്‍ക്ക് ലഭിച്ചാല്‍ സമാനമായ സാഹചര്യമാകുമെന്നും മോദി പറഞ്ഞു.