"കാനഡ കല്ലുകടിക്കിടെ' ഇന്ന് ജയശങ്കര്‍ - ബ്ലിങ്കന്‍ കൂടിക്കാഴ്ച
Thursday, September 28, 2023 9:52 AM IST
വാഷിംഗ്ടണ്‍ ഡിസി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യാഴാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. ഉച്ചതിരിഞ്ഞ് (ഇന്ത്യന്‍ സമയം ഏകദേശം അര്‍ധരാത്രി) സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫോഗി ബോട്ടം ആസ്ഥാനത്താണ് കൂടിക്കാഴ്ച.
ഖാലിസ്ഥാന്‍ വിഘടനവാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി ചര്‍ച്ചയാകുമെന്ന് കരുതുന്നു.
കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിനിടെ ജയശങ്കറും ബ്ലിങ്കനും കണ്ടുമുട്ടിയിരുന്നു. എന്നാല്‍ ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി ചര്‍ച്ചയായില്ല.
ഈ വര്‍ഷം ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയന്‍ സിഖ് വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍(45) കൊല്ലപ്പെട്ടിരുന്നു. കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചു.
2020 ല്‍ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ആളായിരുന്നു ഹര്‍ദീപ് സിംഗ്. എന്നാല്‍ ആരോപണങ്ങള്‍ ഇന്ത്യ തള്ളിക്കളഞ്ഞു. തുടര്‍ന്നു ഇരുരാജ്യങ്ങളും ഉദ്യോഗസ്ഥരെ പുറത്താക്കുകയും നയതന്ത്ര ബന്ധം വഷളാവുകയുമുണ്ടായി.
കാനഡയെ പിന്തുണച്ച അമേരിക്ക അന്വേഷണത്തില്‍ സഹകരിക്കാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. ഈ സാഹചര്യത്തിലുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.