ഷൂട്ടിംഗ് റേഞ്ചിൽ വീണ്ടും മെഡൽവേട്ട; കിനാൻ ചെനായ്ക്ക് വെങ്കലം
Sunday, October 1, 2023 3:00 PM IST
ഹാംഗ്ഝൗ: ഏഷ്യൻഗെയിംസിൽ ഷൂട്ടിംഗ് റേഞ്ചിലെ ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു. പുരുഷന്മാരുടെ ട്രാപ്പ് വ്യക്തിഗത ഇനത്തിൽ കിനാൻ ഡാരിയൂസ് ചെനായ് വെങ്കലം കരസ്ഥമാക്കി.
ഇതോടെ ഷൂട്ടിംഗ് ഇനത്തിൽ മാത്രം ഇന്ത്യയുടെ മെഡൽനേട്ടം 22 ആയി. ഏഴു സ്വർണം, ഒമ്പത് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് മെഡൽനേട്ടം.
രാവിലെ പുരുഷന്മാരുടെ ട്രാപ്പ് ടീം ഇനത്തിൽ കിനാൻ ഡാരിയൂസ് ചെനായ്, സൊരാവർ സിംഗ് സന്ധു, പൃഥ്വിരാജ് ടൊൻഡെയ്മൻ എന്നിവരടങ്ങിയ ടീം സ്വർണം കരസ്ഥമാക്കിയിരുന്നു. 361 പോയിന്‍റുകളുമായി ഗെയിംസ് റിക്കാർഡോടെയാണ് ഇന്ത്യൻ ഷൂട്ടർമാരുടെ സ്വർണനേട്ടം.
വനിതകളുടെ ഇതേയിനത്തിൽ വെള്ളിയും ഇന്ത്യൻ ഷൂട്ടർമാർ സ്വന്തമാക്കി. മനീഷ കീർ, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് മെഡൽ കരസ്ഥമാക്കിയത്. 337 പോയിന്‍റാണ് ഇന്ത്യൻ ഷൂട്ടർമാർ നേടിയത്. അതേസമയം, ഈയിനത്തിൽ 351 പോയിന്‍റുകളുമായി ചൈനീസ് ടീമിനാണ് സ്വർണം.
11 സ്വർണം, 16 വെള്ളി, 15 വെങ്കലം എന്നിങ്ങനെയാണ് ഹാംഗ്ഝൗ ഏഷ്യൻ ഗെയിംസിലെ ഇതുവരെയുള്ള ഇന്ത്യയുടെ മെഡൽനേട്ടം. ഇതോടെ ആകെ 42 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.