കോഴിക്കോട് ഭാര്യയെയും ഭാര്യ മാതാവിനെയും ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു
Monday, October 2, 2023 9:48 AM IST
കോഴിക്കോട്: കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യമാതാവിനെയും ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് വെട്ടിപരിക്കേൽപ്പിച്ചത്. ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം.
ഏറെ നാളുകളായി പിരിഞ്ഞുതാമസിക്കുകയായിരുന്നു ബിന്ദുവും ഷിബുവും. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീടിന് സമീപം ഒളിച്ചിരുന്ന ഷിബു ബിന്ദു പുറത്തിറങ്ങിയപ്പോൾ വെട്ടുകയായിരുന്നു. മകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മയെയും പ്രതി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
കഴുത്തിനും തലയ്ക്കും വെട്ടേറ്റ ബിന്ദു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അക്രമണത്തിൽ ബിന്ദുവിന്റെ അമ്മ ഉണ്ണിയാതയുടെ ഇടതുകൈയിലെ ഒരു വിരൽ അറ്റുപോയിരുന്നു. പ്രതി ഷിബുവിനെ പിടികൂടുന്നതിനായി ഊർജിത അന്വേഷണം പോലീസ് തുടങ്ങി.