യുപിയിലെ മലയാളി വൈദികന്റെ അറസ്റ്റ്: ആശങ്കയുളവാക്കുന്നതെന്ന് ബിഷപ് ഡോ. ലൂയിസ് മസ്കരനാസ്
Wednesday, October 4, 2023 10:40 AM IST
ലക്നോ: മതപരിവർത്തനം ആരോപിച്ച് കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ തിരക്കാൻ പോലീസ് സ്റ്റേഷനിൽ പോയ മലയാളി വൈദികൻ ഫാ. സെബാസ്റ്റ്യൻ ഫ്രാൻസിസ് ബാബുവിനെ അറസ്റ്റ് ചെയ്തത് ആശങ്കയുളവാക്കുന്നതെന്ന് അലഹാബാദ് രൂപതാധ്യക്ഷൻ ഡോ. ലൂയിസ് മസ്കരനാസ്. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും ഡോ. ലൂയിസ് മസ്കരനാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പ്രദേശത്തെ ബിജെപി നേതാവ് വൈഭവ് നാഥ് ഭാരതി നല്കിയ പരാതിയിലാണ് യുപി അലഹാബാദ് രൂപതാ സാമൂഹിക സേവന വിഭാഗം ഡയറക്ടറായ ഫാ. സെബാസ്റ്റ്യൻ ഫ്രാൻസിസ് ബാബുവിനെ യുപി നൈനി പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
അലഹാബാദ് രൂപതാ ഡവലപ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ (ഡിഡിഡബ്ല്യുഎസ്) ജീവനക്കാരനായ പീറ്റർ പോളിനെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് അന്വേഷിക്കാനാണ് ഫാ. സെബാസ്റ്റ്യൻ ഫ്രാൻസിസ് പോലീസ് സ്റ്റേഷനിലെത്തിയത്. വിശ്വഹിന്ദു പരിഷത്ത് അംഗമായ വൈഭവ് നാഥിന്റെ പരാതിയിൽ സൂസൈരാജ് എന്ന പാസ്റ്ററെ പോലീസ് തിരയുകയായിരുന്നു. ഇയാളുടെ സഹോദരനാണ് പീറ്റർ പോൾ.
സൂസൈരാജിനെ അന്വേഷിച്ച് പോലീസ് പീറ്റർ പോളിന്റെ വീട്ടിലെത്തിയ പോലീസ് അയാളെ കാണാതെ വന്നപ്പോൾ പീറ്ററിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പീറ്ററിനെ അന്വേഷിച്ച് ഇവരുടെ മൂത്ത സഹോദരൻ ജോൺ സ്റ്റേഷനിൽ ചെന്നപ്പോൾ അദ്ദേഹത്തെയും പോലീസ് തടഞ്ഞുവച്ചു. പോലീസുമായുള്ള പ്രശ്നങ്ങൾ മനസിലാക്കിയ പീറ്റർ പോളിന്റെ മരുമകൻ മൈക്കൽ സിൽവസ്റ്ററും അറസ്റ്റിലായി.
പീറ്റർ പോളിന്റെ ഭാര്യയായ സാന്ദ്രയും ഭർത്താവിനെ രക്ഷിക്കാൻ പോലീസ് സ്റ്റേഷനിൽ പോയതിന് എഫ്ഐആറിൽ പേരുണ്ട്. തുടർന്ന് അവർ സഹായത്തിനായി ഫാ. സെബാസ്റ്റ്യൻ ഫ്രാൻസിസിനെ വിളിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 നാണ് വൈദികൻ പോലീസ് സ്റ്റേഷനിലെത്തിയത്. അദ്ദേഹത്തെയും വൈകുന്നേരം നാലുമണിവരെ തടഞ്ഞുവയ്ക്കുകയും തുടർന്ന് കേസെടുക്കുകയുമായിരുന്നു. ഫോൺ പിടിച്ചെടുത്തതിനാൽ അദ്ദേഹത്തിന് സഹായത്തിന് ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല.
ഇന്ത്യൻ ശിക്ഷാനിയമം 295എ, 147, 307, 504, 506 പ്രകാരവും യുപിയിലെ നിയമവിരുദ്ധമായ മതപരിവർത്തനം തടയുന്നതിനുള്ള നിയമത്തിലെ മൂന്ന്, അഞ്ച്(ഒന്ന്) വകുപ്പുകൾ പ്രകാരവുമാണ് ഫാ. ഫ്രാൻസിസിനെതിരേ കേസെടുത്തിരിക്കുന്നതെന്നും ഇത് തങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ആശങ്കാജനകമായ വിഷയമാണെന്നും ഡോ. ലൂയിസ് മസ്കരനാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.