ഇന്ത്യ മുന്നണിയിലെ കക്ഷിക്ക് ഉണ്ടാകാൻ പാടില്ലാത്ത നിലപാട്: തട്ടം വിഷയത്തിൽ കുഞ്ഞാലിക്കുട്ടി
Wednesday, October 4, 2023 1:12 PM IST
കോഴിക്കോട്: തട്ടം വിവാദത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്ത്യ മുന്നണിയിലെ കക്ഷിക്ക് ഉണ്ടാകാൻ പാടില്ലാത്ത നിലപാടാണിതെന്നും പിഴവ് തിരുത്തേണ്ട സാഹചര്യം എങ്ങനെയുണ്ടായെന്ന് പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുത്തേണ്ട ഘട്ടം തന്നെ ഈയൊരു വിഷയത്തിൽ ഉണ്ടാക്കാൻ പാടില്ലായിരുന്നു. കാരണം ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിതെന്നും അതിൽ എങ്ങനെ ഒരു തെറ്റ് അവർക്ക് പറ്റി അത് തിരുത്തേണ്ടി വന്നു എന്നുള്ളത് തന്നെ അതിശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം പ്രശ്നമായ വിഷയം അതാണ്. ആ വിഷയത്തിലാണ് കോൺഗ്രസ് ഉറച്ച നിലപാടെടുത്തത്. സിപിഎം കൂടി അംഗമായ ഇന്ത്യ മുന്നണിയിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന് ഓരോരുത്തർക്കും അവരവരുടെ ഇഷ്ടമുള്ള വിശ്വാസം, ഭക്ഷണം, വസ്ത്രം എന്നുള്ളതാണ്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വസ്ത്രധാരണ രീതി മാറ്റിക്കാൻ കഴിഞ്ഞു എന്നത് ഒരു വിപ്ലവമാക്കി പറഞ്ഞത് വളരെ അതിശയം തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.