നവീദ് അഷ്റഫ് പാക്കിസ്ഥാൻ നാവികസേനാ മേധാവി
Thursday, October 5, 2023 1:55 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ നവീദ് അഷ്റഫിനെ നിയമിച്ചതായി നേവി വക്താവ് അറിയിച്ചു. നാവികസേനാ മേധാവി അഡ്മിറൽ അംജദ് നിയാസി വിരമിച്ചതിന് പിന്നാലെയാണ് അഷ്റഫ് ചുമതലയേൽക്കുന്നത്.
കമാൻഡ് മാറ്റൽ ചടങ്ങ് ശനിയാഴ്ച ഇസ്ലാമാബാദിൽ നടക്കും. അതേ ദിവസം തന്നെ വൈസ് അഡ്മിറലിന് ഫോർ സ്റ്റാർ റാങ്ക് നൽകുമെന്നും ചടങ്ങിൽ അദ്ദേഹം നാവികസേനാ മേധാവിയായി ചുമതലയേൽക്കുമെന്നും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
1989ൽ പാകിസ്ഥാൻ നേവിയുടെ ഓപ്പറേഷൻസ് ബ്രാഞ്ചിലാണ് നവീദ് അഷ്റഫ് ജോലി ആരംഭിക്കുന്നത്. ഇസ്ലാമാബാദ് നാഷനൽ ഡിഫൻസ് യൂണിവേഴ്സിറ്റി, യുഎസ് നേവൽ വാർ കോളേജ്, യുകെയിലെ റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസ് എന്നിവയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.
നിലവിൽ നാവിക ആസ്ഥാനത്ത് ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിക്കുകയാണ് അഷ്റഫ്.