കനത്ത മഴ: കൂടുതൽ ട്രെയിനുകൾ റദ്ദാക്കി; ചെന്നൈ വിമാനത്താവളം അടച്ചു
Monday, December 4, 2023 8:54 PM IST
ചെന്നൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വന്ദേഭാരത് ഉൾപ്പടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകൾ കൂടി റദ്ദാക്കി. മഴ ശക്തമായതിനെത്തുടര്‍ന്ന് ചെന്നൈയിലെ ബേസിന് പാലത്തിനും വ്യാസര്‍പടിക്കും ഇടയിലുള്ള പാലത്തില്‍ വെള്ളം ഉയര്‍ന്നതിനാലാണ് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയത്.
കൂടാതെ, ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒൻപത് വരെ അടച്ചു. 33 വിമാനങ്ങൾ ബംഗുളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് 20 വിമാനങ്ങൾ വൈകുകയും 10 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.
അതേസമയം, തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവുള്ളൂർ, കാഞ്ചിപുരം, ചെങ്കൽപെട്ട് ജില്ലകൾക്കാണ് അവധി.