സൈനികനെ അടിച്ചുകൊന്നു; അഞ്ച് പേർ അറസ്റ്റിൽ
Friday, December 8, 2023 10:31 PM IST
ഭുവനേശ്വർ: ഒഡീഷയിൽ സൈനികനെ അടിച്ചുകൊന്ന അഞ്ച് പേരെ ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഗഞ്ചം ജില്ലയിലെ ഹരിപ്പൂരിനടുത്തുള്ള കാളിപ്പള്ളിയിലാണ് സംഭവം.
ജെ. ദില്ലേശ്വർ പത്ര(28) ആണ് കൊല്ലപ്പെട്ടത്. മർദനത്തിൽ ഗുരുതര പരിക്കേറ്റ ദില്ലേശ്വർ പത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
ജെ. കല്യാണി പത്ര (19), സി.എച്ച്. ശേഖർ പത്ര (23), കാളിപ്പള്ളിയിലെ ബി. ചെനേയ പത്ര (26), ജഗന്നാഥ്പൂരിലെ ബി. ബുലു പത്ര (26), വിക്കി പത്ര (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് രണ്ട് മോട്ടോർ സൈക്കിളുകളും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
ഗ്രാമത്തിലെ രണ്ട് സംഘങ്ങൾ തമ്മിലുള്ള മുൻ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് ഗഞ്ചം എസ്പി ജഗ്മോഹൻ മീണ പറഞ്ഞു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നറിയാൻ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.