ശരിക്കും ഞെട്ടിച്ചെന്ന് ടെക് ലോകം! എഐ ചിത്രങ്ങളുടെ തന്പുരാനാകാൻ മെറ്റയുടെ ഇമാജിൻ
വെബ് ഡെസ്ക്
Saturday, December 9, 2023 6:31 AM IST
കലിഫോർണിയ: എഐ സാങ്കേതികവിദ്യാ രംഗത്ത് ചാറ്റ്ബോട്ടുകൾ വിപ്ലവം സൃഷ്ടിച്ചതിന് പിന്നാലെ ഇവയുടെ ഏറ്റവും പുതിയ പതിപ്പുകൾ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് മിക്ക കന്പനികളും. ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി വന്ന ഗൂഗിളിന്റെ ജെമിനിയ്ക്ക് പിന്നാലെയാണ് മെറ്റ തങ്ങളുടെ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റർ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.
മെറ്റയുടെ എഐ ചാറ്റ്ബോട്ടിനൊപ്പം സജ്ജീകരിച്ചിരിക്കുന്ന ഇമേജ് ജനറേറ്റർ ടൂളാണ് ഇമാജിൻ എന്ന പ്ലാറ്റ്ഫോമായി വന്നിരിക്കുന്നത്. ലിയനാര്‍ഡോ എഐ, മിഡ്ജേണി, ഡാല്ഇ എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് സമാനമായ പ്ലാറ്റ്ഫോമാണിതെന്നും സാധാരണ ഭാഷയില്‍ തന്നെ കൊടുക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കാമെന്നും മെറ്റ അറിയിച്ചിരുന്നു.
നവംബറിൽ നടന്ന മെറ്റയുടെ 'കണക്ട്' ഡവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഇമേജ് ജനറേറ്ററായ ഇമാജിനിനെ ആദ്യമായി അവതരിപ്പിച്ചത്. മെറ്റയുടെ എമു ഇമേജ് ജനറേഷന് മോഡല്‍ ഉപയോഗിച്ചാണ് ഇമാജിന്‍ പ്രവര്‍ത്തിക്കുന്നത്.
imagine.meta.com എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ വിശദാംശങ്ങൾ ലഭ്യമാകും. ഇമേജ് ജനറേറ്റര്‍ വഴി നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ താഴെ എഐ നിര്‍മ്മിതമാണെന്ന് മനസിലാക്കുന്നതിനുള്ള പ്രത്യേക വാട്ടർമാർക്കും ഉൾപ്പെടുത്തും. നിലവിൽ അമേരിക്കയിലെ ഉപഭോക്താക്കൾക്ക് ഇമാജിന്റെ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താമെന്നാണ് സൂചന.