ശബരിമല; ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം: പി.കെ. കൃഷ്ണദാസ്
Tuesday, December 12, 2023 4:04 AM IST
പത്തനംതിട്ട: ശബരിമല ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.
ശബരിമലയിൽ ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ സന്നിധാനത്തും പരിസരങ്ങളിലും വീർപ്പുമുട്ടുകയാണെന്നും അവർക്ക് സുരക്ഷ ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാർ സംവിധാനങ്ങളും അമ്പേ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട ദേവസ്വംമന്ത്രിയും മേൽനോട്ടം വഹിക്കേണ്ട മുഖ്യമന്ത്രിയും നവകേരള സദസിനായുള്ള യാത്രയിലാണ്. ഭക്തജനങ്ങൾക്ക് സുരക്ഷ ഒരുക്കി ശബരിമല തീർഥാടനം സുഗമമാക്കുവാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം.
41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന അയ്യപ്പ ഭക്തന്മാരിൽ വലിയ വിഭാഗം 10 വയസിന് താഴെയും 50 വയസിനു മുകളിലുമുള്ള മാളികപ്പുറങ്ങളാണ്. അവരുൾപ്പടെയുളള അയ്യപ്പഭക്തർക്ക് 12 മുതൽ 14 മണിക്കൂർ വരെ കാത്തു നിന്നിട്ട് വേണം ദർശനം ലഭിക്കാൻ. നാലഞ്ച് ഇടങ്ങളിലാണ് ഇവരെ തടഞ്ഞു നിർക്കുന്നത്.
2,000 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്നിടത്ത് 8,000 ൽ അധികം പേരെ കുത്തിനിറക്കുന്നു. ഇവർക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങൾ, വെള്ളം എന്തിന് ശുദ്ധവായുവോ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആചാരലംഘനം നടത്തി ശബരിമല തീർഥാടനത്തെ അട്ടിമറിക്കാൻ പിണറായി സർക്കാർ മുൻപ് ശ്രമിച്ചതിന്റെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്നത്. ഒരു കുഞ്ഞു മാളികപ്പുറം ശ്വാസം കിട്ടാതെ മരിച്ചതും ഇതിന്റെ പ്രത്യക്ഷോദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിചയ സമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നവകേരള സദസുകളിൽ നിയോഗിച്ചിരിക്കുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ സന്നിധാനത്തും പരിസരങ്ങളും നിയോഗിക്കണം.
വിശ്വഹിന്ദു പരിഷത്ത്, അഖില ഭാരത അയ്യപ്പ സേവാ സംഘം, അയ്യപ്പ സമാജം തുടങ്ങിയ സന്നദ്ധ സംഘടനകളെ അയ്യപ്പഭക്തരുടെ സേവനത്തിനായി നിയോഗിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരിട്ടിടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.